ഇന്ത്യന് ഭരണഘടന ഇപ്പോഴും പൗരന്റെ പല മൗലികാവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.
കണ്ണൂര് സര്വകലാശാലാ വിദ്യാര്ഥി യൂണിയന് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.
‘ഭരണഘടന രൂപപ്പെടുത്തിയപ്പോള്, പൗരന്റെ പല മൗലികാവകാശങ്ങളെയും മാര്ഗനിര്ദേശക തത്വങ്ങളിലേക്ക് ഒതുക്കുകയാണു ചെയ്തത്. ഭരണഘടനയെ സംരക്ഷിക്കേണ്ട പ്രധാന ശക്തിയാണു നമ്മളെന്ന സാഹചര്യമാണു നിലവിലുള്ളത്. പക്ഷേ, തീവ്ര വലതു പക്ഷത്തില് നിന്നു നമ്മള് സംരക്ഷിക്കേണ്ട ഭരണഘടന, തൊഴിലിനുള്ള അവകാശമടക്കം മൗലികാവകാശങ്ങളെ അംഗീകരിക്കുന്നില്ലെന്ന കാര്യം മറക്കരുത്. വിദ്യാര്ഥികളും പുരോഗമന ശക്തികളും പൊതുസമൂഹവും ഏറെക്കാലം നടത്തിയ പോരാട്ടത്തിനു ശേഷമാണു വിദ്യാഭ്യാസം മൗലികാവകാശമെന്ന നിലയില് ഭരണഘടനയില് ഉള്പ്പെടുത്തിയത്. അതിനു ശേഷം വര്ഷങ്ങള് കഴിഞ്ഞാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിയമമായത്. നിലവിലുള്ള ചുരുക്കം അവകാശങ്ങള് പോലും ഇല്ലാതാക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.’ വൃന്ദ പറഞ്ഞു.
