സംസ്ഥാന റെയില്‍പ്പാതയില്‍ 626 വളവുകള്‍ :560 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ 12 മണിക്കൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റെയില്‍പ്പാതയില്‍ 626 വളവുകളുണ്ടെന്ന് മന്ത്രി വി.

അബ്ദുറഹിമാന്‍. വളവുകളുടെ ഭാഗത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ മുതല്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗ നിയന്ത്രണമുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്ററിലേറെ വേഗതയില്‍ പാത അനുയോജ്യമാക്കണമെങ്കില്‍ ഈ വളവുകളെല്ലാം നേരെയാക്കേണ്ടതുണ്ട്. 576 കിലോമീറ്റര്‍ പാതയില്‍ 36 ശതമാനം പാതയും വളവുകളുള്ളതാണ്.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ വളവുകള്‍ നേരെയാക്കുന്നത് ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ബാധിക്കും. വളവുകളിലുള്ള അനവധി സ്റ്റേഷനുകളും ഉപേക്ഷിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ റെയില്‍ മാര്‍ഗവും റോഡുമാര്‍ഗവും 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുക്കും.

നിരവധി സ്റ്റോപ്പുകളും വളവുകളുമുള്ള ഈ റൂട്ടില്‍ എറണാകുളം-തിരുവനന്തപുരം യാത്രയ്ക്ക് ശരാശരി അഞ്ചു മണിക്കൂര്‍ വരെയെടുക്കും. ഇവിടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. പ്രസ്തുത പദ്ധതി പരമാവധി ജനവാസം കുറഞ്ഞ മേഖലയിലൂടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ പരമാവധി വളവുകള്‍ കുറച്ചുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ എറണാകുളം-തിരുവനന്തപുരം യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മതിയാകും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ മൂന്നു മണിക്കൂറും 54 മിനിറ്റുമേ എടുക്കൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *