മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി; ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത പ്രതിസ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. പൂങ്കാവിലെ ഡിവൈഎഫ്‌ഐ നേതാവാണ് രാത്രി സ്റ്റേഷനില്‍നിന്നു ചാടിപ്പോയത്.

കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചതിനെതുടര്‍ന്ന് സ്റ്റേഷനിലേക്കെത്തിയ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെയെത്തിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അടിപിടിക്കേസ് ആയതിനാല്‍ ലോക്കപ്പില്‍ ഇട്ടില്ല. പകരം പാറാവുകാരനു കാണാവുന്ന വിധത്തില്‍ ഇടനാഴിയില്‍ ഇരുത്തി. പുലര്‍ച്ചെ 3 മണിയായപ്പോള്‍ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയ പ്രതി, പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ കടന്നുകളയുകയായിരുന്നു. അരമണിക്കൂര്‍ ആയിട്ടും കാണാതായതോടെ പൊലീസും വിഷമിച്ചു. നഗരത്തിലെങ്ങും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.

സംഭവം അറിഞ്ഞ് രാവിലെ 6.30ന് സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസര്‍മാര്‍ എത്തി. ഇതിനിടെ ഇയാളുടെ ഭാര്യയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. തിരിച്ചു വന്നാല്‍ ഇതിനു കേസ് എടുക്കില്ലെന്നും പിതാവിനെ കയ്യേറ്റം ചെയ്ത പരാതിയില്‍ സ്റ്റേഷനില്‍നിന്നു തന്നെ ജാമ്യം നല്‍കി വിട്ടയയ്ക്കാമെന്നും അവര്‍ ഭാര്യയ്ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് അവരെ കൊണ്ട് പ്രതിയെ ഫോണില്‍ വിളിപ്പിക്കുകയായിരുന്നു. 7.30ന് പ്രതി തിരിച്ച്‌ സ്റ്റേഷനില്‍ എത്തി. കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയതിനു കേസ് എടുക്കാതെ ഭാര്യയുടെ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *