ചെന്നൈ: തമിഴ്നാട്ടില്‍ വയോധികനില്‍ നിന്ന് ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങിയെന്ന പരാതിയില്‍ 30000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്.
ടിക്കറ്റ് നിരക്കിലും അധികം തുക ഈടാക്കിയതിന് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി.
2020 ജനുവരി മാസം 20നായിരുന്നു തമിഴ്നാട്ടിലെ വിഴുപുരത്ത് പരാതിക്ക് ആധാരമായ സംഭവം. വിഴുപുരത്ത് നിന്ന് തിരുക്കോവിലൂരിലേക്കുള്ള ബസ് യാത്രക്കിടെ ആര് കരുണ എന്ന 60കാരനില്‍ നിന്നാണ് കണ്ടക്ടര്‍ അധിക നിരക്ക് ഈടാക്കിയത്. യഥാര്‍ത്ഥ ടിക്കറ്റ് നിരക്കായ 25 രൂപയ്ക്ക് പകരം 32 രൂപ നല്കാന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച കരുണയോട് ക്ഷുഭിതനായ കണ്ടക്ടര്‍ ബസില്‍ നിന്ന് അദ്ദേഹത്തെ ഇറക്കിവിടാനും ശ്രമിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ 7 രൂപ അധികം നല്കി കരുണ യാത്ര ചെയ്തു.
സ്പെഷ്യല്‍ സര്‍വീസാണെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ അധികം പണം വാങ്ങിയത്. എന്നാല്‍ ബസിറങ്ങിയ ശേഷം ആര് കരുണ, ഡിപ്പോയില്‍ തിരക്കിയപ്പോള്‍ വിഴുപുരത്തുനിന്ന് തിരുക്കോവിലൂരിലേക്ക് ആ ദിവസം പ്രത്യേക സര്‍വീസ് ഒന്നുമില്ലെന്ന് മനസ്സിലായി. ബസ് ടിക്കറ്റിന്റെ പകര്‍പ്പും ബസിന്റെ രജിസ്ട്രേഷന് നമ്ബറും കാട്ടി കരുണ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്കി. മറ്റൊരു ബസിന്റെ ടിക്കറ്റ് വെന്‍ഡിംഗ് മെഷീന് ഉപയോഗിച്ചത് കൊണ്ട് പറ്റിയ തെറ്റാണെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്കിയ വിശദീകരണം.
എന്നാല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഈ വാദം മുഖവിലക്ക് എടുത്തില്ല. കണ്ടക്ടര്‍ യാത്രക്കാരനില്‍ നിന്ന് അധികമായി വാങ്ങിയ 7 രൂപയ്ക്ക് രണ്ട് വര്‍ഷത്തെ 12 ശതമാനം പലിശയടക്കം പരാതിക്കാരന് തിരികെ നല്‍കാനും കരുണ നേരിട്ട അപമാനത്തിനും മാനസികാഘാതത്തിനും നഷ്ടപരിഹാരമായി മുപ്പതിനായിരം രൂപ നല്‍കാനും വിധിച്ചു.
