കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് നിയമനം ഹൈകോടതി ഡിവിഷന്‍ബെഞ്ച് ശരിവെച്ചു. എ.ബി. പ്രദീപ് കുമാറിന്റെ നിയമനം അസാധുവാക്കി വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സിംഗ്ള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എ.കെ.
ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ചെയര്‍മാനായി പ്രദീപ് കുമാറിനെ 2020 ആഗസ്റ്റ് 21ന് നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദന് നായര്‍ നല്കിയ ഹരജിയിലാണ് 2020 നവംബര്‍ 28ന് നിയമനം റദ്ദാക്കി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
23 അപേക്ഷകള്‍ ലഭിച്ചതില്‍ ഹരജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇന്റര്‍വ്യൂവിന് വിളിച്ചതെന്നായിരുന്നു ആരോപണം. മതിയായ യോഗ്യതയുള്ളവരെ ഇന്റര്‍വ്യൂ നടത്താതെ ഒഴിവാക്കാന്‍ സെലക്ഷന് കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമുള്ള വാദം ശരിവെച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്. എന്നാല്‍, മതിയായ യോഗ്യതയുള്ളവരെ ഇന്റര്‍വ്യൂ ചെയ്ത് ഏറ്റവും യോഗ്യതയുള്ളയാളെ നിയമിക്കുകയായിരുന്നെന്ന് കാട്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. നിയമനത്തിന് മതിയായ യോഗ്യതയുള്ളവര്‍ ധാരാളമുണ്ടെന്ന് കണ്ടാല്‍ എണ്ണം കുറക്കാന്‍ നിശ്ചിത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രദീപ് കുമാര്‍ യോഗ്യതയില്ലാത്തയാളാണെന്ന് ഹരജിക്കാരനും പരാതിയില്ലെന്നും ചൂണ്ടിക്കാട്ടി.
ചുരുക്കപ്പട്ടിക ഉണ്ടാക്കാന്‍ മാനദണ്ഡം ഏര്‍പ്പെടുത്തിയ സെലക്ഷന് കമ്മിറ്റിയുടെ നടപടിയില്‍ തെറ്റില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സുഭാഷ് ചന്ദര്‍ മര്‍വ കേസില്‍ സുപ്രീംകോടതി ഇത്തരം നടപടികള്‍ ശരിവെച്ചിട്ടുണ്ട്. വിവിധ ഘടകങ്ങള്‍ വിലയിരുത്തിയുള്ള പരിശോധനയില്‍ ഹരജിക്കാരനെക്കാള് സ്കോര്‍ പ്രദീപ് കുമാറിന് ലഭിച്ചതായും കോടതി വിലയിരുത്തി. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി നിയമനം ശരിവെച്ചത്.
