മലപ്പുറം: എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയില്‍ മോഷണം പോയ ആക്സസ് സ്‌കൂട്ടര്‍ പിടികൂടി.
എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയില്‍ നിന്നും ഇന്നലെ പിടിച്ചത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. മലപ്പുറത്ത് ഡി.ടി.എച്ച് സര്‍വീസ് നടത്തുന്നയാളാണ് ഇദ്ദേഹം. ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു നിറുത്തുകയും പിഴ അടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇ പോസ് മെഷീന്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പണം കൈപറ്റി പിഴയൊടുക്കകയും ചെയ്തു.
പിഴ അടച്ചതോടെ ആര്‍സി ഉടമ സുധീറിന്റെ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നു. സുധീര്‍ മലപ്പുറം എന്‍ഫോഴ്സ്‌മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായത്. വാഹനം ഓടിച്ചിരുന്നയാള്‍ രണ്ട് മാസം മുമ്ബ് കോഴിക്കോട് സ്വദേശിയായ അജ്മലില്‍ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണ് സ്‌കൂട്ടറെന്ന് മൊഴി നല്‍കി. സുധീര്‍ വാഹനം മോഷണം പോയതിനെ തുടര്‍ന്ന് ജനുവരിയില്‍ കോതമംഗലം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കോഴിക്കോട് പൊലീസില്‍ വിവരമറിയിക്കുകയും അജ്മലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐ മുരളീധരന്‍, അബ്ദുള്‍ ബഷീര്‍, സി.പി.ഒ മിര്‍ഷാദ് എന്നിവരാണ് സ്‌കൂട്ടര്‍ പിടികൂടിയത്.
