കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്.
നികുതി അടക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന് പരിശോധിക്കും.
വിമാനത്താവളത്തിനകത്ത് ഓടുന്ന വണ്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇന്‍ഡിഗോയുടെ വാഹനം നേരത്തെ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നികുതി അടച്ചിട്ടില്ല. സമാനരീതിയില്‍ മറ്റ് വിമാനക്കമ്ബനികളുടെ വാഹനങ്ങള്‍ ഓടുന്നുണ്ടോയെന്ന് പരിശോധിക്കും.
ഇന്നലെ വൈകിട്ട് ഫറോക്ക് ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ നികുതി കുടിശ്ശിക വരുത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അതിവേഗ നടപടി. നികുതിയും പിഴയുമായി ഏകദേശം 50,000 രൂപ അടച്ചശേഷമേ ബസ് വിട്ടുനല്‍കൂവെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ ഷാജു ബക്കറിന്റെ നിര്‍ദ്ദേശ പ്രകാരം അസി.മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി. ശരത്, ജി.ജി. അലോഷ്യസ് എന്നിവരാണ് വാഹനം പിടികൂടിയത്.
വിമാനയാത്രാവിലക്കില്‍ പ്രതിഷേധിച്ച് ഇന്‍ിഗോയ്ക്കെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചതിനു പിന്നാലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് സാധാരണ സ്വീകരിച്ചുവരുന്ന നടപടി മാത്രമാണെന്നും ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ ഷാജു ബക്കര്‍ പറഞ്ഞു. ഇത്രയും നാള്‍ എയര്‍പോര്‍ട്ടിനകത്ത് സര്‍വീസ് നടത്തുകയായിരുന്ന ബസ് ഇന്നലെ വര്‍ക്ക് ഷോപ്പിലെത്തിച്ചപ്പോഴാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
