ഹാപുര്‍: ദലിത് വിദ്യാര്‍ഥിനികളുടെ യൂണിഫോം അഴിക്കാന്‍ ആവശ്യപ്പെട്ട ഉത്തര്‍പ്രദേശ് ഹാപുര്‍ ജില്ലയിലെ രണ്ട് സ്കൂള്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.
യൂണിഫോമില്‍ അല്ലാതിരുന്ന മുന്നാക്ക ജാതിക്കാരായ രണ്ട് കുട്ടികള്‍ക്ക് ക്ലാസ് ഗ്രൂപ്പ് ഫോട്ടോയെടുക്കുമ്ബോള്‍ ധരിക്കാനായി ദലിത് പെണ്‍കുട്ടികളുടെ യൂണിഫോം അഴിപ്പിച്ചെന്നാണ് പരാതി. ഉദയ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.
ജൂലൈ 11നാണ് സംഭവം നടന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. യു.പി വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
നാലാം ക്ലാസിലെ രണ്ട് ദലിത് വിദ്യാര്‍ഥിനികളെയാണ് അധ്യാപകര്‍ നിര്‍ബന്ധിച്ച് യൂണിഫോം അഴിപ്പിച്ചത്. പ്രതിഷേധിച്ചപ്പോള്‍ പുറത്താക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത്.
സന്നദ്ധ സംഘടനയായ ശോഷിത് ക്രാന്തി ദള്‍ വിഷയം ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ സംഭവം പുറത്തറിയിക്കുകയും ചെയ്തു. സംഭവം പുറത്തറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരാതിപ്പെട്ടിട്ടും ആദ്യ ഘട്ടത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ പരാതി നല്‍കിയെന്നും പിതാവ് പറഞ്ഞു.
