തിരുവനന്തപുരം: വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരായ മുതിര്‍ന്ന സിപിഎം അംഗം എംഎം മണിയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.
‘താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു.
കെകെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുന്‍പ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അര്‍ത്ഥമായിരിക്കില്ല. സ്ത്രീകള്‍, അംഗ പരിമിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നവര്‍ക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികള്‍ക്ക് പലര്‍ക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താന്‍ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനം ആയ ആശയം അല്ല.
എല്ലാവരും സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രത കാണിക്കണം. സ്പീക്കര്‍ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് എംഎം മണി വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കൂടിയാണ് സ്പീക്കര്‍ തിരുത്തുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗവും പാരമര്‍ശം പിന്‍വലിക്കാന്‍ എംഎം മണിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
