സ്വന്തമായി അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുന്ന സാഹിത്യനായകര്‍ ഇല്ലാതാകുന്നത് അപചയമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല.
രാജാവ തരുന്ന പട്ടും വളയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന സാഹിത്യകാരന്‍മാരെയല്ല ആവശ്യമെന്ന് അങ്കണം ഷംസുദീന്‍ സ്മൃതി പുരസ്‌കാരം ഉദ്ഘാടനം ചെയ്ത് രമേശ് കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എങ്കിലേ നേര്‍വഴിക്കു പോകാനാവൂ. ആരും തിരുത്താനില്ലെങ്കില്‍ കൂടുതല്‍ തെറ്റുകളിലേക്ക് പോകും. സുകുമാര്‍ അഴിക്കോടില്ലാത്തതിന്റെ ദു:ഖം കേരളം നേരിടുന്നു.
ഇന്ന് സാഹിത്യനായകര്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പുരസ്‌കാരങ്ങള്‍ക്കായി കാത്തിരുന്ന് അഭിപ്രായങ്ങള്‍ പറയാതിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചാലും സി.പി.എം ഭരിച്ചാലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന സാംസ്‌കാരികനായകര്‍ ഉണ്ടായിരുന്നു. ഇന്ന് ശൂന്യതയാണ്. ആരെങ്കിലും നല്‍കുന്ന പ്രസ്താവനയില്‍ ഒപ്പിടുന്ന സാഹിത്യകാരന്‍മാരാണുള്ളത്. താന്‍ പ്രതിപക്ഷനേതാവായിരിക്കെ എത്ര അഴിമതികളാണ് പുറത്തുകൊണ്ടുവന്നത്. ഏതെങ്കിലും സാഹിത്യനായകര്‍ അതെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഡോ. പി സരസ്വതി അധ്യക്ഷത വഹിച്ചു. സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍ എ. സേതുമാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരന്‍ യു.കെ കുമാരന്‍ വിശിഷ്ടസാഹിതീസേവാ പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഡോ.പി.വി. കൃഷ്ണന്‍നായര്‍, ഡോ. എം. കൃഷ്ണന്‍ നമ്ബൂതിരി, ഡോ. ശ്രീലതാ വര്‍മ, സി.എ കൃഷ്ണന്‍, തൃശിവപേരൂര്‍ മോഹനചന്ദ്രന്‍, എന്‍. ശ്രീകുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്തപ്രസിഡന്റ് എം.വി. വിനീത എന്നിവര്‍ പ്രസംഗിച്ചു.
