ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ചുമത്തിയ നടപടി : രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി എളമരം കരീം എംപി

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5% GST ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിഷയം സഭ നിര്‍ത്തി വെച്ച്‌ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസന്‍ എംപിയും ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയര്‍മാന് നോട്ടീസ് നല്‍കി.

കൂടാതെ ഭക്ഷ്യ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം.പി ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കള്‍ മുതല്‍ അരിയും ഗോതമ്ബും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വില കുത്തനെ കൂടും.

ജൂണില്‍ ചണ്ഡീഗഢില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങള്‍ക്ക്‌ ജിഎസ്‌ടി ചുമത്താന്‍ തീരുമാനിച്ചത്‌. പ്രധാനമായും പായ്‌ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ്‌ വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ്‌ നിരക്കുയര്‍ത്തല്‍.സമ്ബന്നരെ പ്രീണിപ്പിക്കാന്‍ ആഡംബരവസ്തുക്കള്‍ക്ക്‌ 28 ശതമാനം ജിഎസ്‌ടിയെന്നത്‌ കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാന്‍ ഈ നികുതി ഉയര്‍ത്തണമെന്ന പൊതുനിര്‍ദേശം പാലിക്കാതെയാണ്‌ അവശ്യസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത്‌.

അരി, ഗോതമ്ബ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വര്‍ധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും.തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു രാജ്യത്ത്‌ മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ തോത്‌ 15 ശതമാനത്തിന്‌ മുകളിലാണ്‌. വരുംമാസങ്ങളിലും വിലക്കയറ്റ തോത്‌ വര്‍ധിക്കാന്‍ വഴിയൊരുക്കുന്നതാണ്‌ ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനം.

അതേസമയം അഗ്നിപഥ്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണം, രാജ്യസഭയില്‍ എ എ റഹീം എംപി നോട്ടീസ് നല്‍കി. സായുധ സേനകളെ കരാര്‍വല്‍കരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം നേടിയ തൊഴില്‍ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.
അഗ്നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ഈ വിഷയം സഭ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എ എ റഹീം എംപി നോട്ടീസ് നല്‍കിയത്. അതേസമയം ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനവും പാര്‍ലമെന്‍റ് തടസപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *