പൊക്കാളി കൃഷി: പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി

കൊച്ചി: ചെല്ലാനം മറുവക്കാട് പാടശേഖരം നെല്‍കൃഷിക്ക് യോഗ്യമെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച അഭിഭാഷക കമീഷണര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി.

നെല്‍കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ജലവിതാനം സമയബന്ധിതമായി ക്രമീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച കമീഷണര്‍ക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ഉത്തരവ്. മറുവക്കാട് മേഖലയില്‍ പരിശോധനക്ക് വരുമ്ബോള്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് നിര്‍ദേശം.

പൊക്കാളി കൃഷി നടത്താന്‍ നടപടി ആവശ്യപ്പെട്ട് പാടശേഖര സമിതിക്ക് വേണ്ടി മറുവക്കാട് സ്വദേശി ചന്തു നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷക കമീഷണര്‍ക്ക് ഭീഷണിയുള്ള വിവരം ഹരജിക്കാരനാണ് കോടതിയെ അറിയിച്ചത്.

പൊക്കാളി കൃഷി നശിപ്പിക്കാന്‍ സാമൂഹിക വിരുദ്ധരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകാനിടയുണ്ടെന്നും അറിയിച്ചു. പൊക്കാളി കൃഷി നടക്കുന്ന പാടശേഖരങ്ങളില്‍ കണ്ണമാലി പൊലീസ് രാത്രിയടക്കം പട്രോളിങ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പൊക്കാളി നെല്‍ മുളച്ചുവരുന്ന സമയമാണിപ്പോള്‍. നിലവില്‍ 105 ഏക്കറോളം പാടശേഖരത്താണ് പൊക്കാളി കൃഷി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *