വൈക്കം: വിറളിപൂണ്ട് ഓടിയ നായുടെ കടിയേറ്റ് വൈക്കത്ത് അഞ്ചുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 7.30ന് തോട്ടുവക്കം കായിപ്പുറം ഭാഗത്താണ് പരിഭ്രാന്തി സൃഷ്ടിച്ച നായ് വീടുകള്‍ കയറിയും വഴിയില്‍നിന്നവരെയും ഓടിച്ചിട്ട് കടിച്ചത്.
രണ്ടുപേര്‍ക്ക് ദേഹമാസകലം കടിയേറ്റു.
കായിപ്പുറത്ത് പുരുഷന്‍ (72), സഹോദരന്‍ ചന്ദ്രന്‍ (70), മനയത്തുചിറ തങ്കമണി (68), കായിപ്പുറത്ത് ഷിബു (36), ടി.വി പുരം സ്വദേശി അജിമോന്‍ (50) എന്നിവര്‍ക്കാണ് കടിയേറ്റത്ത്. അജിമോനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുരുഷന്‍റെ നെഞ്ചത്തും രണ്ട് കൈകള്‍ക്കും ഗുരുതര കടിയേറ്റിട്ടുണ്ട്.
ടി.വി പുരം ഭാഗത്തുനിന്ന് ഓടിവന്ന നായ് കായിപ്പുറത്ത് തെരുവുനായ്ക്കളെ കടിച്ചശേഷം വീടുകളിലേക്ക് ഓടിക്കയറി പുരുഷനെയും, ചന്ദ്രനെയും കടിച്ചു. തുടര്‍ന്ന് റോഡില്‍ നില്‍ക്കുകയായിരുന്ന തങ്കമണിയെയും ഷിബുവിനെയും ഓടിച്ചിട്ട് കടിച്ചു. പട്ടിയുടെ അസാധാരണമായ പരക്കംപാച്ചില്‍ കണ്ട് സ്ത്രീകളും കുട്ടികളും വീടുകളില്‍ കയറി വാതിലടച്ചു. ആക്രമണകാരിയായ നായെ നാട്ടുകാര്‍ പിടിച്ച് കെട്ടിയിട്ടു. അല്‍പസമയം കഴിഞ്ഞപ്പോള്‍ നായ ചത്തു.
വൈക്കം മൃഗാശുപത്രില്‍നിന്ന് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ബിജു വര്‍ഗീസ് സംഭവസ്ഥലത്തെത്തി നായെ പരിശോധിച്ചു. നായ്ക്ക് പേവിഷബാധയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി നായുടെ ജഡം തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണയ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി.
വൈക്കത്ത് ഏതാനും മാസങ്ങളായി തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നുണ്ട്. പ്രതിദിനം പത്തുപേരെങ്കിലും നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടി എത്തുന്നുണ്ടെന്ന് താലൂക്ക് ഗവ. ആശുപത്രി അധികൃതര്‍ പറഞ്ഞു.
