കൊച്ചി
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറും എട്ടാംപ്രതി ദിലീപും തമ്മില്‍ പണമിടപാട് നടത്തിയതായി സൂചന നല്‍കുന്ന തെളിവുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്.
2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. നവംബര്‍ രണ്ട് തിങ്കളാഴ്ച പള്‍സര്‍ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ ക്രെഡിറ്റ് ആയി. ഒക്ടോബര്‍ 31ന് ശനിയാഴ്ച ദിലീപിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് വ്യക്തമാക്കുന്ന തെളിവുകളും *ക്രൈംബ്രാഞ്ചിന് ലഭിച്ചു. ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചശേഷം അത് നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണെന്നാണ് കണ്ടെത്തല്‍. ശരത് കുറ്റപത്രത്തില്‍ 15–-ാംപ്രതിയാണ്.
ദിലീപിന് പള്‍സര്‍ സുനി ജയിലില്‍നിന്നയച്ച കത്തിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും കത്തിലെ കൈയക്ഷര പരിശോധനാഫലവും കേസില്‍ നിര്‍ണായകമാകും.
ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങള്‍ കണ്ടതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ദൃശ്യങ്ങള്‍ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഭിഭാഷകന്‍ സുജേഷ് പറയുന്നതായാണ് കണ്ടെത്തിയത്. സഹോദരീഭര്‍ത്താവായ സുരാജിന്റെ ഫോണില്‍നിന്ന് ദിലീപ് അഭിഭാഷകനുമായി 2019 ഡിസംബര്‍ 19ന് നടത്തിയ സംഭാഷണമാണ് ഹാജരാക്കിയത്. ഇരുവരുടെയും ശബ്ദസാമ്ബിള്‍ പരിശോധനാഫലവും നിര്‍ണായകമാണ്.
