സിഎസ്‌ഐ ബിഷപ്പിന്റെ ബ്രിട്ടണ്‍ യാത്ര ഇഡി തടഞ്ഞു

തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. നാളെ ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ഇഡി ബിഷപ്പിന് നല്‍കിയിട്ടുണ്ട്. ബ്രിട്ടണിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഇഡി തടഞ്ഞത്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ നാലിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയിരുന്നത്. സിഎസ്‌ഐ സഭയുടെ ദക്ഷിണ കേരള ഇടവകയായ തിരുവനന്തപുരത്തെ എല്‍എംഎസിലും റെയ്ഡ് നടന്നിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസിലായിരുന്നു പ്രധാന പരിശോധന. കള്ളപ്പണം വെളുപ്പിച്ചെന്നും കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിച്ചെന്നുമുള്ള പരാതികളികളിലാണ് ഇ ഡി അന്വേഷണം. റെയ്ഡിനെ തുടര്‍ന്ന് ബിഷപ്പ് വിദേശത്തേക്ക് കടന്നേക്കുമെന്നുള്ള സൂചനകളെ തുടര്‍ന്ന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചിരുന്നു.
അതോടൊപ്പം അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് കാരക്കോണം മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് പുലര്‍ച്ചെ ദുബായിലേക്കും അവിടെ നിന്നും യു കെയിലേക്കും പോകാനായിരുന്നു ബിഷപ്പ് പദ്ധതിയിട്ടിരുന്നത്. വിമാനത്താവളത്തിലെത്തിയ ധര്‍മരാജ് റസാലത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പീന്നീട് ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ധര്‍മരാജ് റസാലം ഇതോടെ ബിഷപ്പ് ഹൗസിലേക്ക് തിരികെ പോയി. നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ കാട്ടി ഇഡി ഉടന്‍ നോട്ടീസ് നല്‍കും. അതേസമയം, സഭാ സെക്രട്ടറി പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *