കാട്ടുപന്നിയെ ആക്രമിച്ച്‌ കൊന്ന് കടുവ; ഭീതിയില്‍ പുല്‍പ്പള്ളി

പുല്‍പ്പള്ളി: കാട്ടുപന്നിയെ കൊന്ന് കടുവ. കഴിഞ്ഞ ദിവസം രാത്രിയാണ് പുല്‍പ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡിലെ ചേപ്പിലയില്‍ തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി.

പന്നിയെ ആക്രമിച്ച്‌ കൊന്ന പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്നും കാടുമൂടി കിടക്കുന്ന സ്ഥലമായതിനാല്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേളക്കവലയില്‍ കാട്ടുപന്നിയെ ആക്രമിച്ച്‌ കൊന്ന സ്ഥലത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കേളക്കവല, കളനാടിക്കൊല്ലി. ചേപ്പില പ്രദേശങ്ങളില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. വനം വകുപ്പ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *