കൊച്ചി: കൊല്ലം മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചുകടന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിലെ പ്രതിയായ വ്‌ളോഗര്‍ തിരുവനന്തപുരം സ്വദേശിനി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
എട്ടുമാസം മുന്‍പ് മാമ്പഴത്തറയില്‍ എത്തിയ അമല, ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ഡ്രോണ്‍ കണ്ട ആന, വിരണ്ടോടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ യുട്യൂബ് ചാനലില്‍ പങ്കുവെച്ചതോടെയാണ് കേസെടുത്തത്.
