എടപ്പാള്‍: ടെറസിനു മുകളില്‍ നിന്ന് വീണ അനിയനെ താങ്ങിയെടുത്ത് ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് ചേട്ടന്‍. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ഞെട്ടിക്കുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ വൈറലാണ്.
വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേയ്ക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ സാദിഖ്. ഷഫീഖ് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുക്കുകയായിരുന്നു.
വാരിയെടുക്കുന്നതിനിടയില്‍ ഇരുവരും മുറ്റത്ത് വീണു. സഹോദരന്റെ കൈത്താങ്ങില്‍ ഷഫീഖിന് ഒരു പരിക്ക് പോലും സംഭവിച്ചിട്ടില്ല. അതേസമയം ഇദ്ദേഹത്തിന്റെ ഭാരത്തോടൊപ്പം അടിയില്‍ കുടുങ്ങിയ സാദിഖിന് അല്‍പ്പസമയത്തേക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഏറെനേരം അവിടെത്തന്നെ കിടന്ന സാദിഖ് സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തനായ ശേഷം, മെല്ലെ എഴുന്നേറ്റ് കുറച്ചുദൂരം നടന്നും ഓടിയുമെല്ലാമാണ് സാധാരണനിലയിലേക്കു തിരിച്ചുവന്നത്.
