ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തതക്ക് മൂന്നാഴ്ചക്കകം പരിഹാരം കാണാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
എയ്ഡഡ് സ്കൂളുകള്‍ക്ക് അധിക ബാച്ച് അനുവദിക്കണമെന്ന് സുപ്രീംകോടതിക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും വിദ്യാഭ്യാസ ആവശ്യം പഠിച്ച് മലപ്പുറം ജില്ലയില്‍ അധികബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാറിന് സാമ്ബത്തിക ബാധ്യത വരുത്താതെ അണ്‍ എയ്ഡഡ് ബാച്ച് തുടങ്ങാന്‍ ഹരജിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കണമെന്നും വിലവിലുള്ള നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അത് പരിഗണിക്കണമെന്നും ബെഞ്ച് വിധിച്ചു. മൂന്നാഴ്ചക്കകം പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്ന തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ ഹരജിക്കാര്‍ക്ക് കേരള ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയിലെ പാറക്കടവ് മൂന്നിയൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധിക ബാച്ചിനായി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.
ഈ അക്കാദമിക വര്‍ഷത്തില്‍ തുടങ്ങിയ പ്രവേശന നടപടികള്‍ ഉടന്‍ അവസാനിക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ പ്ലസ് വണ്‍ കാസുകള്‍ തുടങ്ങുമെന്നും മൂന്നിയൂര്‍ ഹയര്‍ സെകന്‍ഡറി സ്കൂളിന് വേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശ്യാം ദിവാന്‍ ബോധിപ്പിച്ചപ്പോഴാണ് മലപ്പുറം ജില്ലയിലെ പ്ലസ് ടു സീറ്റുകളുടെ കുറവ് പരിഹരിക്കാനുള്ള നടപടി മൂന്നാഴ്ചക്കകം എടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മൂന്നിയൂര്‍ പഞ്ചായത്തിലും പ്ലസ് ടു സീറ്റുകളിലുള്ള എണ്ണക്കുറവുകള്‍ ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയില്‍ പൊതുവെയും മൂന്നിയുര്‍ വില്ലേജില്‍ വിശേഷിച്ചും പ്ലസ് ടു സീറ്റുകള്‍ അപര്യാപ്തമാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടുണ്ട് എന്ന് ഹരജി ഫയല്‍ ചെയ്ത സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. സുല്‍ഫിക്കര്‍ അലി ബോധിപ്പിച്ചു.
