ന്യൂഡല്‍ഹി: ജി.എസ്.ടി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ലെന്നും നിര്‍മല പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അവസാന ആറ് മാസത്തെ വിലയുമായി നിലവിലെ വിപണി വില താരതമ്യം ചെയ്താല്‍ അത് മനസ്സിലാകുമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി കുടുംബങ്ങള്‍ക്ക് ബാധ്യത സൃഷ്ടിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ജി.എസ്.ടിയെ കുറിച്ചുള്ള ചില ഊഹാപോഹങ്ങളും മന്ത്രി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ചെക്ക് ബുക്കുകള്‍ക്ക് ജിഎസ്ടി ഈടാക്കുന്നില്ല. ശ്മശാനത്തിനും ആശുപത്രി കിടക്കകള്‍ക്കും ജിഎസ്ടി ഉണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു. പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ ചെക്ക് ബുക്കുകള്‍ വാങ്ങുമ്ബോള്‍ മാത്രമേ ജിഎസ്ടി ഈടാക്കൂ. ഇത് ഉപഭോക്താക്കളെ ബാധിക്കില്ല. പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുമ്ബോള്‍ ജി.എസ്.ടി ചുമത്തും. 5,000 രൂപയ്ക്ക് മുകളില്‍ ദിവസവാടകയുള്ള ആശുപത്രി മുറികള്‍ക്ക് മാത്രമായിരിക്കും ജിഎസ്ടി ഈടാക്കുക. ആശുപത്രി കിടക്കകള്‍ക്ക് ഇത് ബാധകമല്ല.
