ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച; കാരണം ആണികള്‍ ദ്രവിച്ചു പോയത്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി.അഗ്നികോണില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി.

സ്വര്‍ണ്ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതാണ് ചോര്‍ച്ചക്ക് കാരണമായത്. ശ്രീകോവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണ്ണ പാളികളുടെ ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ഈ മാസം 22ന് പ്രവര്‍ത്തികള്‍ തുടങ്ങും. ദേവസ്വം പ്രസിഡണ്ട്, തന്ത്രി, ശബരിമല സ്പെഷ്യഷല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന പുരോഗമിച്ചത്. ഓണത്തിന് നട തുറക്കും മുന്‍പ് പണികള്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം അറിയിച്ചു.

വിഷുമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ തന്നെ സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ വീഴുന്നതായാണ് കണ്ടെത്തിയതെന്നാണ് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ തന്നെയാണ് രണ്ടാഴ്ച മുന്‍പ് പറഞ്ഞത്.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേല്‍ക്കൂരയുടെ ചോര്‍ച്ച പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡിനെ സമീപിച്ചത്. സ്വര്‍ണപാളികള്‍ പതിച്ച മേല്‍ക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുന്‍പ് തിരുവാഭരണ കമ്മീഷണര്‍ ബൈജുവും ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *