50 കോടിയുടെ മണിച്ചെയിന്‍ തട്ടിപ്പ്; സംഘത്തലവന്‍ രതീഷ് ചന്ദ്ര കൊണ്ടോട്ടി പോലീസിന്‍്റെ പിടിയില്‍

മണിചെയിന്‍ മോഡലില്‍ ,കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍്റെ തലവന്‍ പിടിയില്‍ .

പാലക്കാട് പട്ടാമ്ബി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ഫ്ലാറ്റില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ജൂണ്‍ 13 ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് പോലീസിന് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്.
2020 ഒക്ടോബര്‍ 15 ന് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്‌ ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്ബി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവര്‍ വേഗം കൂട്ടി.

കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചു. 11250 രൂപ കമ്ബനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര്‍ പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും 100 പേരെ ചേര്‍ത്താല്‍ കമ്ബനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും. കമ്ബനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ 35000 ഓളം പേരാണ്.

പലര്‍ക്കും കമ്ബനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെ തട്ടിപ്പ് മനസിലായി തുടങ്ങി. പലരും പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് സൈബര്‍ ഡോമിന്‍്റ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത് .തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ലാറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ടൗണില്‍ വന്‍ തുകക്ക് 5 ല്‍ അധികം ഫ്ലാറ്റുകള്‍ വാടകക്ക് എടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകള്‍ , മൊബൈല്‍ ഫോണുകള്‍ , മറ്റ് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളി തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുന്‍പ് പിടികൂടിയിരുന്നു. ഇയാള്‍ റിമാന്‍്റിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *