സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ അതിശക്തമായ മഴ.
തിങ്കളാഴ്ചയുണ്ടായ അതിശക്തമായ മഴയില്‍ റോഡുകള്‍ പുഴകളായി. നഗരത്തില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് മഴയില്‍, വീടുകളും റോഡുകളും സബ്‌വേ സ്റ്റേഷനുകളും വെള്ളത്തിലാവുകയും നിരവധി പേരെ താമസ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.
അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സോളിന്റെ വിവിധ ഭാഗങ്ങളില്‍ 422 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഇതേതുടര്‍ന്ന് അധികൃതര്‍ ഏറ്റവും ഉയര്‍ന്ന എമര്‍ജന്‍സി അലര്‍ട്ടായ ലെവല്‍ 3 പ്രഖ്യാപിച്ചു. ഒരു മണിക്കൂറില്‍ നഗരത്തില്‍ 141.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
വ്യാഴാഴ്ച വരെ സോളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്ര അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ശക്തമായ മഴയില്‍ റോഡുകളിലും മറ്റും ഉണ്ടായ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധിപേര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
