തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിസഹകരണത്തെ നേരിടാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കും.
ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ നിയമനിര്‍മാണത്തിന് മാത്രമായി സഭവിളിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ലോകായുക്ത നിയമഭേദഗതി അടക്കമുള്ളവയില്‍ സി.പി.ഐക്ക് ഉള്‍പ്പടെ എതിര്‍പ്പുണ്ട്. പല ബില്ലുകളേയും പ്രതിപക്ഷവും ശക്തമായി എതിര്‍ക്കും. പുതിയ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയെ സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നതും പ്രധാനമാണ്.
അതേസമയം, തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അടിയന്തര സാഹചര്യം ബോധ്യപ്പെടാതെ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രക്ക് മുമ്ബാണ് ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാനായി ലഭിച്ചത്. ഇതില്‍ വിശദ പരിശോധന നടത്താതെ ഒപ്പിടാനാവില്ല. ഓരോ സര്‍വകലാശാലകള്‍ക്കും ഓരോ ചാന്‍സിലറെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
