സവര്‍ക്കറുടെ ബാനര്‍ മാറ്റി ടിപ്പുവിന്റേത് സ്ഥാപിച്ചു; ശിവമോഗയില്‍ സംഘര്‍ഷം,ഒരാള്‍ക്ക് കുത്തേറ്റു

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒരു സംഘം സ്ഥാപിച്ച വി.ഡി. സവര്‍ക്കറുടെ ബാനര്‍ എടുത്തുമാറ്റി മറ്റൊരു സംഘം ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പോലീസ് എത്തി ബാനറുകള്‍ നീക്കം ചെയ്തു.
പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുസംഘങ്ങളേയും പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. ബാനറുകള്‍ നീക്കം ചെയ്ത പോലീസ് സ്ഥലത്ത് ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് 144 പ്രഖ്യാപിച്ചതായും ജനക്കൂട്ടത്തെ നിയന്ത്രിച്ചതായും പോലീസ് വ്യക്തമാക്കി. കുത്തേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും പോലീസ് അറിയിച്ചു. ബാനറുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണോ കത്തിക്കുത്ത് ഉണ്ടായതെന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *