‘തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണ’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി.

അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണയെന്നും റിയാസ് വ്യക്തമാക്കി.

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്ബോഴാണ് പരിശോധനക്കായി വിജിലന്‍സും ഇറങ്ങിയത്. കരാര്‍ മാനദണ്ഡമുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥര്‍ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചു.

ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിലായിരുന്നു മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലായിരുന്ന പരിശോധന.

കുഴികള്‍ അടയ്ക്കുമ്ബോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്ബോഴും ചെളിയും മണ്ണും മാറ്റി, ടാര്‍ ഒഴിച്ച ശേഷം റോഡ് നിര്‍മ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്ബിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലന്‍സ് പരിശോധിക്കും. രേഖകളിലും സാമ്ബിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശം. വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് എതിരായാല്‍ പൊതുമരാമത്ത് വകുപ്പിന് വലിയ തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *