ബാലികയെ മൂന്ന് യുവാക്കളെക്കൊണ്ട് കൂട്ട ബലാത്സം​ഗം ചെയ്യിച്ച്‌ 21കാരി

മുംബൈ: 11കാരിയായ സുഹൃത്തിനെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സം​ഗം ചെയ്യിച്ച്‌ 21കാരി. മുംബൈയിലെ പടിഞ്ഞാറന്‍ വിറാര്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ക്രൂരത.

സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയില്‍ മൊബൈല്‍ നന്നാക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെനിന്ന് കണ്ടുമുട്ടിയ 21കാരി ബാലികയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച യുവതി മൂന്ന് ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. യുവാക്കള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകള്‍ ബന്ധിക്കുകയും കൂട്ടബലാത്സം​ഗം ചെയ്യുകയുമായിരുന്നു. ഈ സമയം 21കാരി ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പുലര്‍ച്ചെയോടെ പെണ്‍കുട്ടിയെ വീടിന് സമീപം കൊണ്ടുവിട്ട ശേഷം പ്രതികള്‍ സ്ഥലംവിടുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തിയതോടെ മാതാവ് വിറാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളായ യുവാക്കളില്‍ ഒരാള്‍ കോളജ് വിദ്യാര്‍ഥിയും മറ്റൊരാള്‍ പച്ചക്കറി വ്യാപാരിയുമാണ്. മൂന്നാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടക്കാരനായ ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ കേസുകളുണ്ട്. കൂട്ടബലാത്സം​ഗം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *