ഏഴ്‌ ജില്ലകളില്‍ ഇന്ന്‌ ഓറഞ്ച്‌ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഞായര്‍ വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടും (അതിശക്ത മഴ) മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത പാലിക്കണം.

മലയോരമേഖലയിലെ രാത്രിസഞ്ചാരം ഒഴിവാക്കണം. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യത. കടലില്‍ മീന്‍പിടിക്കാന്‍ പോകരുത്.
കനത്തമഴയില്‍ റെയില്‍പ്പാതയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ബുധനാഴ്ചയും ട്രെയിനുകള്‍ വൈകി. മൂന്നുമുതല്‍ ആറു മണിക്കൂര്‍വരെ വൈകിയാണ് ഓടിയത്. കായംകുളത്തുനിന്ന് രാവിലെ 8.50ന് പുറപ്പെടേണ്ട ആലപ്പുഴവഴിയുള്ള എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, രപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകി.

കാലാവസ്ഥാവ്യതിയാനം വില്ലന്‍ ; ഏതുനിമിഷവും മേഘവിസ്ഫോടനം
അതിതീവ്രമഴയ്ക്ക് കാരണമാകുന്ന മേഘവിസ്ഫോടനം കേരളത്തില്‍ വര്‍ധിക്കുന്നതായി ശാസ്ത്രജ്ഞര്‍. 2018നുശേഷമാണ് ഈ പ്രതിഭാസം ആവര്‍ത്തിക്കുന്നതായി രേഖപ്പെടുത്തുന്നത്. നേരത്തേ തുലാവര്‍ഷത്തില്‍മാത്രമുണ്ടായിരുന്ന മേഘവിസ്ഫോടനം മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന അവസ്ഥയാണ്. കരയിലും കടലിന്റെ ഉപരിതലത്തിലും ചൂടുകൂടുന്നതും മണ്‍സൂണ്‍ കാറ്റിലുണ്ടാകുന്ന വ്യതിയാനവും ഇതിന് കാരണമാണെന്നും ശാസ്ത്രജ്ഞര്‍. കൊച്ചി നഗരത്തില്‍ ചൊവ്വ രാവിലെയുണ്ടായ തീവ്രമഴയ്ക്കുകാരണം ലഘു മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് റഡാര്‍ പഠനകേന്ദ്രം കണ്ടെത്തിയിരുന്നു. 2018, 2019 ലെ മഹാപ്രളയത്തിനും കാരണം മേഘവിസ്ഫോടനമായിരുന്നു.

മണിക്കൂറില്‍ അഞ്ച് സെന്റീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയാല്‍ ലഘു മേഘവിസ്ഫോടനവും പത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയാല്‍ മേഘവിസ്ഫോടനവുമാണെന്നാണ് കണക്കാക്കുന്നത്. കൊച്ചിയില്‍ ചൊവ്വാഴ്ച 7.5 സെന്റീമീറ്റര്‍ രേഖപ്പെടുത്തി. കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന് കടലിന്റെ ഉപരിതലത്തിലെ ചൂടും കരയിലെ ചൂടും നിയന്ത്രണാതീതമായി കൂടുന്നതായും ഇത് കാറ്റിന്റെ ദിശയില്‍ അടിക്കടി മാറ്റം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാകാം ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം ജി മനോജ് പറഞ്ഞു. ചക്രവാതച്ചുഴികള്‍, കടലിലെ ന്യൂനമര്‍ദം, മണ്‍സൂണ്‍ കാറ്റ് കുന്നുകളില്‍ ഇടിച്ച്‌ മഴമേഘങ്ങള്‍ ചിതറുന്നത് എന്നിവയില്‍ ഏതെങ്കിലുമൊന്നാണ് മേഘവിസ്ഫോടനത്തിനു കാരണമാകുന്നത്. വ്യക്തമായ ആകാശം കണ്ട് 45 മിനിറ്റിനുള്ളില്‍പ്പോലും തീവ്രമഴ ഉണ്ടാകുന്നത് സാധാരണമാകുകയാണ്. പ്രവചനം അസാധ്യമാകുന്നതും ഇതുകൊണ്ടാണ്–- ഡോ. മനോജ് പറഞ്ഞു.

ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരുന്ന തീവ്രമഴ ഇപ്പോള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമാണെന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ഓരോ 15 മിനിറ്റിലും മഴ രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കൂടുതല്‍ സ്ഥാപിച്ചതിനാല്‍ മേഘവിസ്ഫോടനംപോലുള്ള പ്രതിഭാസം കൂടുതലായി രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *