തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേയ്‌ക്കാണ് മന്ത്രി ആദ്യം യാത്ര ചെയ്യുക. ഈ മാസം 19-ന് അദ്ദേഹം പാരിസിലേയ്‌ക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യന്‍ യാത്ര നടത്തുന്നതിന് മുമ്ബായിരിക്കും മുഹമ്മദ് റിയാസിന്റെ പാരിസ് യാത്ര.
ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പാരീസ് സന്ദര്‍ശനം. അതേസമയം, വിദ്യാഭ്യാസം, നിക്ഷേപ ആകര്‍ഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശ യാത്ര നടത്തുക. വിദ്യാഭ്യാസ മേഖലയിലെ പഠനത്തിനായി മന്ത്രി വി.ശിവന്‍കുട്ടി ഫിന്‍ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്ബോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകള്‍. എന്നാല്‍ കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധി ഇല്ലെന്നും വിദേശ യാത്രകള്‍ അനിവാര്യമാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു.
