പത്തനംതിട്ട: കെഎസ്‌ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ ഓണത്തോടനുബന്ധിച്ച് റെക്കോഡ് കലക്ഷന്‍. ഞായറാഴ്ച ദിവസം മാത്രം 11,94,872 രൂപയാണ് കലക്ഷന്‍.
46 സര്‍വീസാണ് നടത്തിയത്. ഞായറാഴ്ചയായതിനാല്‍ ഏതാനും ഓര്‍ഡിനറി സര്‍വീസ് ഇല്ലായിരുന്നു.
ഓണാവധി നാളുകളില്‍ മിക്ക ദിവസങ്ങളിലും നല്ല വരുമാനമാണ് പത്തനംതിട്ട ഡിപ്പോ നേടിയത്. 9, 10 തീയതികളില്‍ 10നും 11 ലക്ഷത്തിനുമിടയ്‌ക്കായിരുന്നു കലക്ഷന്‍. കഴിഞ്ഞവര്‍ഷം ശബരിമല തിരക്കുണ്ടായിട്ടും പതിനൊന്നരയ്ക്കടുത്തായിരുന്നു വരുമാനം. ഇത്തവണ അതും മറികടന്നു. സാധാരണ 52 സര്‍വീസാണ് നടത്തേണ്ടത്. 52 സര്‍വീസ് നടത്തി ഒമ്ബതേമുക്കാല്‍ ലക്ഷമാണ് ദിവസേനയുള്ള ടാര്‍ഗറ്റ്.
വിനോദയാത്രാ പാക്കേജുകള്‍ക്കും നല്ല തിരക്ക്. വാഗമണ്‍, മലക്കപ്പാറ, ആതിരപ്പള്ളി, കുമരകം എന്നിവിടങ്ങളിലേക്ക് പത്തനംതിട്ടയില്‍ നിന്നുള്ള പാക്കേജ് ടൂര്‍ സര്‍വീസിനാണ് തിരക്ക് കൂടുതല്‍. കുമരകം ടൂര്‍ ഹൗസ്ബോട്ട് യാത്രയുള്‍പ്പെടെയാണ്. 1050 രൂപയാണ് നിരക്ക്. ആവശ്യത്തിന് യാത്രക്കാര്‍ ബുക്ക് ചെയ്യുന്ന മുറയ്ക്ക് സര്‍വീസ് നടത്തുകയാണ് ചെയ്യുന്നത്. ഗ്രൂപ്പുകള്‍ക്ക് മുന്‍കൂട്ടി ബുക്കിങ് നടത്തി യാത്ര നടത്താം. കുമരകം യാത്രയ്ക്ക് മൂന്നുനേരം ഭക്ഷണം ഉള്‍പ്പെടെയാണ് നിരക്ക്.
