സാക്ഷരതയില്‍ കേരളത്തിന്റെ നേട്ടം ചാന

ന്യൂഡല്‍ഹി: സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശം.

സെറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാസ് മാര്‍ക്കിനെതിരെ എന്‍എസ്‌എസ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം.

കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതില്‍ ദിനപത്രങ്ങളുടെ പങ്ക് വലുതാണെന്ന് അബ്ദുല്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സാക്ഷരതയില്‍ നൂറ് ശതമാനം കൈവരിച്ച കേരളത്തിന് വിദ്യാഭ്യാസത്തില്‍ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന് കോടതി പറഞ്ഞു. ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളും വാരികകളും പ്രസിദ്ധീകരിക്കുന്നത് കേരളത്തില്‍നിന്നാണെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

പിന്നാലെയാണ് സാക്ഷരതയില്‍ കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് വി രാമസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടത്. ഫാക്ടറികളില്‍ ബീഡി തെറുക്കുന്നതിനൊപ്പം തൊഴിലാളികള്‍ പത്രം വായിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സെറ്റ് പരീക്ഷയില്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി കോടതി ശരിവച്ചു. പൊതുവിഭാഗത്തിനും സംവരണവിഭാഗത്തിനും വ്യത്യസ്ത മാര്‍ക്കാണെന്നു കാട്ടിയാണ് എന്‍എസ്‌എസ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *