കൂട്ടബലാത്സംഗത്തിനൊടുവില്‍ വസ്ത്രവും മോഷ്ടിച്ചു ; നഗ്നയായി തെരുവിലൂടെ വീട്ടിലേക്ക് നടന്ന് 15കാരി

ഉത്തര്‍പ്രദേശ് : കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച്‌ രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകുന്ന പതിനഞ്ചുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയെ നടുക്കിയിരിക്കുകയാണ്.

ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു പെണ്‍കുട്ടി. കണ്ടുനിന്നവരില്‍ ആരും സഹായിച്ചില്ല. പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ക്രൂരമായ സംഭവം നടന്നത്.

വീട്ടിലേക്ക് കയറി വന്ന് നടന്നതെല്ലാം പറയുമ്ബോള്‍ പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ രക്തമൊലിക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നല്‍കുന്നത് വരെ തങ്ങളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു. പ്രതികളുടെ ബന്ധുക്കള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോക്സോ ആക്‌ട് പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് സന്ദീപ് കുമാര്‍ മീന പറഞ്ഞു. പ്രതികളിലൊരാളെ സെപ്തംബര്‍ 15 ന് അറസ്റ്റ് ചെയ്തു. തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവ ദിവസം അയല്‍ ഗ്രാമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച്‌ അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഗ്രാമത്തിലെ ഒരാള്‍ ഓടി വന്നതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും കൊണ്ടാണ് ഇവര്‍ സ്ഥലം വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *