കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സിന് അംഗീകാരം; മന്ത്രിസഭായോ​ഗ തീരുമാനങ്ങള്‍

കേരള പബ്ലിക്ക് ഹെല്‍ത്ത് കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനം. ഓര്‍ഡിനന്‍സ് വിളരംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

മറ്റ് മന്ത്രിസഭായോ​ഗ തീരുമാനങ്ങള്‍;

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്നുകളുടെ നിര്‍മ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം, കൊട്ടാരക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി എന്നിവയാണ് നടപ്പാക്കുക. ചേര്‍ത്തല മുനിസിപ്പാലിറ്റിക്കു വേണ്ടി സെപ്റ്റേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് നല്‍കിയ ഭരണനാനുമതി 7.83 കോടി രൂപയാക്കി പുതുക്കി നല്‍കും.

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണിയുടെ സേവനകാലാവധി 17.09.2022 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിക്കാന്‍ തീരുമാനിച്ചു.

ഐറ്റി പാര്‍ക്കുകളിലെ ലീസ് ഡീഡുകളുടെയും സബ് ലീസ് ഡീഡുകളുടെയും റദ്ദാധാരങ്ങള്‍ക്ക് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഇളവ് ചെയ്യും.

കേരളത്തിലെ ബീഡി സ്ഥാപനങ്ങള്‍ക്ക് അപേക്ഷാ കാലയളവിലേയ്ക്ക് മാത്രം ഇ.എസ്.ഐ പദ്ധതിയില്‍ നിന്നും ഇളവ് അനുവദിക്കും. പീഡിത വ്യവസായമെന്ന പരിഗണന നല്‍കിയാണിത്.

കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്ക് പറ്റി പൂര്‍ണ അംഗവൈകല്യം സംഭവിച്ച ജലഗതാഗത വകുപ്പിലെ ബോട്ട് മാസ്റ്റര്‍ കെ സലിംകുമാറിന് സൂപ്പര്‍ ന്യുമററി തസ്തിക സൃഷ്ടിച്ച്‌ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചു.

കാസര്‍കോട് ജില്ലയില്‍ കുളത്തുര്‍ വില്ലേജില്‍ 20 സെന്‍റ് സര്‍ക്കാര്‍ ഭൂമി ഹോമിയോ ഡിസ്പെന്‍സറിക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നല്‍കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് 30 വര്‍ഷത്തേക്ക് സൗജന്യ നിരക്കായ ആര്‍ ഒന്നിന് 100 വാര്‍ഷിക പാട്ട നിരക്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്ഥലം നല്‍കുക.

കേരളാ പേപ്പര്‍ പ്രൊഡക്‌ട്സ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്കൃത വസ്തുകള്‍ അനുവദിക്കുമ്ബോള്‍ ഈടാക്കേണ്ട വില നിശ്ചയിച്ചു. 24,000 മെട്രിക് ടണ്‍ യൂകാലിറ്റിപ്സ്, അക്കേഷ്യ ഓറിക്യുലിഫോര്‍മിസ്, അക്കേഷ്യ മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ മെട്രിക് ടണിന് 500 രൂപ വീതം ആദ്യ വര്‍ഷം നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തിനകം ഇതിന്റെ വര്‍ക്കിങ്ങ് പ്ലാനിന് അം​ഗീകാരം ലഭ്യമാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *