തേടി വന്നത് 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനം; പണംമുടക്കിയ യു.എ.ഇ സ്വദേശിക്ക് തുക കൈമാറി മലയാളി യുവാവ്

തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം പണംമുടക്കിയ യുഎഇ സ്വദേശിക്ക് കൈമാറി അജ്മാനിലെ മലയാളി പ്രവാസി.

ഭാഗ്യം വന്നത് തന്റെ പേരിലാണെങ്കിലും ടിക്കറ്റിന് തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് കോഴിക്കാട് വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയില്‍ സമ്മാനമായി കിട്ടിയ വന്‍തുക ഇമറാത്തി വനിതക്ക് കൈമാറിയത്.

അജ്മാനില്‍ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡ് ഷോപ്പിലെ സെയില്‍സ്മാനാണ് ഫയാസ് പടിഞ്ഞാറയില്‍. അബൂദബി ഡ്രൂട്ടിഫ്രീ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പില്‍ 3 ലക്ഷം ദിര്‍ഹം അഥവാ 65 ലക്ഷത്തോളം രൂപയുടെ സമ്മാനം ഫയാസിനെ തേടി എത്തിയത് അടുത്തിടെയാണ്. സമ്മാനം തന്റെ ബാങ്ക് അക്കൗണ്ടില്‍ കൈപറ്റിയ ഫയാസ് പക്ഷെ, ഈ തുക പൂര്‍ണമായും ദുബൈയിലുള്ള സുഹൃത്തുകൂടിയായ യുഎഇ സ്വദേശിനിക്ക് കൈമാറുകയായിരുന്നു.

ഫയാസിന്റെ അമ്മാവന്‍ സമീറിന്റെ സഹപ്രവര്‍ത്തകയാണ് ഈ ഇമറാത്തി വനിത. സമീറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. ഒരു വര്‍ഷമായി പലപ്പോഴായി ഇത്തരത്തില്‍ ഇവര്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. മലയാളികള്‍ ഭാഗ്യവാന്‍മാരാണെന്ന വിശ്വാസത്തിലാണത്രെ ഇവരുടെ പേരില്‍ ടിക്കറ്റെടുപ്പിക്കുന്നത്.

നിയമപരമായി ഈ ഭാഗ്യസമ്മാനത്തിന്റെ തുകയത്രയും ഫയാസിന് അവകാശപ്പെട്ടതാണ്. അധികൃതര്‍ ഫയാസിന്റെ അക്കൗണ്ടിലേക്കാണ് മൂന്ന് ലക്ഷം കൈമാറിയതും. സമ്മാനം ലഭിച്ച വിവരം രഹസ്യമാക്കി വെച്ചാല്‍ പോലും തുക മുടക്കിയ സ്വദേശി വനിത അത് അറിയുമായിരുന്നില്ല. പക്ഷെ, അത് തന്നോട് തന്നെ ചെയ്യുന്ന വിശ്വാസവഞ്ചനയായി പോകുമെന്ന് ഫയാസ് പറയുന്നു. മലയാളിയുടെ ഈ വിശ്വാസ്യതക്ക് ചെറിയൊരു സമ്മാനം നല്‍കാനും ഇമറാത്തി സുഹൃത്ത് മറന്നില്ല. കാണിച്ചത് മണ്ടത്തരമാണെന്ന് പലരും കുറ്റപ്പെടുത്തിയെങ്കിലും തന്നിലര്‍പ്പിച്ച വിശ്വാസത്തിന് 3 ലക്ഷം ദിര്‍ഹത്തേക്കാള്‍ ഏറെ മൂല്യമുണ്ടെന്ന് വിശ്വസിക്കാനാണ് ഫയാസിനിഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *