പോപുലര്‍ ഫ്രണ്ട് നിരോധനം: വേട്ടയാടുന്നെന്ന തോന്നലുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിന്‍റെ പേരില്‍ ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാകരുത്. ജില്ല കലക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും അതിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുതുടങ്ങി. നിരോധനം സംസ്ഥാനത്തും കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം.ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ലഹരിക്കെതിരായ ബൃഹത്പദ്ധതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുറപ്പാക്കണം. സ്ഥിരം കുറ്റവാളികളെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വെക്കണം. കാപ്പ നിയമം ഫലപ്രദമായി ഉപയോഗിക്കണം.

ഈ വിഷയത്തില്‍ പൊലീസും ജില്ല ഭരണകൂടവും തമ്മിലെ തര്‍ക്കം നീതീകരിക്കാനാകില്ല. പൊലീസ് നല്‍കുന്ന ശിപാര്‍ശകളില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. ഗുണ്ട പട്ടിക സംബന്ധിച്ച ശിപാര്‍ശകളില്‍ സംശയമുണ്ടെങ്കില്‍ ജില്ല കലക്ടര്‍മാരും ജില്ല പൊലീസ് മേധാവികളും ചര്‍ച്ച നടത്തി പരിഹാരം കാണണം. കാപ്പ ശിപാര്‍ശയില്‍ ഉത്തരവിടുന്നതില്‍ ചില കലക്ടര്‍മാര്‍ പിന്നോട്ടാണ്. അത് പാടില്ല. ഒരു നിയമം എല്ലാ കലക്ടര്‍മാരും ഒരുപോലെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *