പോപ്പുലര്‍ഫ്രണ്ട്‌ 5.20 കോടി കെട്ടിവയ്‌ക്കണം; അല്ലെങ്കില്‍ ഭാരവാഹികളുടെ സ്വത്ത്‌ അടക്കം കണ്ടുകെട്ടും

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്കുണ്ടായ നഷ്ടം അവരില്‍ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി.

നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരസെക്രട്ടറി മുമ്ബാകെ കെട്ടിവയ്ക്കണം. അല്ലങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടന ഭാരവാഹികളുടെയും പേരിലുള്ള സ്വകാര്യസ്വത്ത് അടക്കം സര്‍ക്കാറിന് കണ്ടുകെട്ടാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാരും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കുമ്ബോള്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചതായി മജിസ്ട്രേട്ടുമാര്‍ ഉപ്പാക്കണം.

ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസിക്കുനേരെയുണ്ടായ അക്രമം ഉള്‍പ്പെടെ എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പ്രതിയാക്കണം. ഹര്‍ത്താലിനെതിരെ കേരള ചേമ്ബര്‍ ഓഫ് കൊമേഴ്സ് നല്‍കിയ ഹര്‍ജിയും അക്രമത്തിലുണ്ടായ നഷ്ടങ്ങള്‍ പിഎഫ്‌ഐയില്‍നിന്ന് ഈടാക്കണമെന്നും ചേമ്ബര്‍ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിയും നല്‍കിയ ഹര്‍ജിയും പരിഗണിച്ചാണ് കോടതി ഉത്തരവ്.

കെട്ടിവയ്ക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിം കമീഷണര്‍ മുഖേന നഷ്ടം സംഭവിച്ചവര്‍ക്ക് നല്‍കും. നിലവിലുള്ള തുകയേക്കാള്‍ കൂടുതല്‍ തുക നഷ്ടമുണ്ടായതായി ബോധ്യപ്പെട്ടാല്‍ ആ അധികതുകയും ക്ലെയിം കമീഷണര്‍ക്ക് മുമ്ബാകെ കെട്ടിവയ്ക്കണം. പി ഡി ശാര്‍ങ്ഗധരനെ ക്ലെയിം കമീഷണറായി നിയോഗിച്ചതായും കോടതി ഉത്തരവില്‍ പറഞ്ഞു. ഹര്‍ത്താലിനെതിരെ കോടതി സ്വമേധയാ എടുത്ത കേസും ഇതോടൊപ്പം പരിഗണിച്ചു. ഹര്‍ത്താല്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കെഎസ്‌ആര്‍ടിസിക്കുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ദീപു തങ്കന്‍ ഹാജരായി.

687 പേരെ കരുതല്‍ തടങ്കലിലാക്കി
ഹര്‍ത്താല്‍ അക്രമത്തില്‍ പൊതു, സ്വകാര്യസ്വത്തുക്കള്‍ നശിപ്പിച്ചതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 687 പേരെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു. 1992 പേരെ അറസ്റ്റ് ചെയ്തു. 487 കേസ് രജിസ്റ്റര്‍ ചെയ്തു. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡുകള്‍ അടയ്ക്കുകയും വാഹനഗതാഗതം തടയുകയും കാല്‍നടയാത്രക്കാരെയും വാഹനങ്ങളും കടകളും ആക്രമിച്ചു. ചിലയിടങ്ങളില്‍ ബോംബ് എറിഞ്ഞു. 5.06 കോടി രൂപ കെഎസ്‌ആര്‍ടിസിക്കും 12,31,800 രൂപ സംസ്ഥാനസര്‍ക്കാരിനും നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *