ന്യൂഡല്‍ഹി: താജ്മഹല്‍ പണികഴിപ്പിച്ചതിന് പിന്നിലെ യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
താജ്മഹലിന്റെ യഥാര്‍ഥചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണം എന്നാവശ്യപ്പെട്ട് ഡോ രജനീഷ് സിങ്ങാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് ഭാര്യ മുംതാസിനായി പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയപ്പെടുന്നത്.
1631 മുതല്‍ 22 വര്‍ഷമെടുത്തായിരുന്നു താജ്മഹലിന്റെ നിര്‍മാണം. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് ശാസ്ത്രീയ തെളിവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല ഇതെന്നുകാട്ടി നേരത്തേ അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. താജ് മഹലുണ്ടാക്കിയത് ഷാജഹാനാണ് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയില്‍ എന്‍സിഇആര്‍ടി നല്കിയ മറുപടിയെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്.
