പത്തനംതിട്ട; ജോലി കഴിഞ്ഞ് മടങ്ങിയ അധ്യാപകര്‍ കാട്ടാനയെ കണ്ട് പേടിച്ച് ബൈക്കില്‍ നിന്നു വീണു.
സീതത്തോട് കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ അധ്യാപകരായ അനീഷ് അലക്സ് (31), ഇന്ദ്രജിത്ത് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കില്‍ നിന്ന് വീണെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്നു ഇരുവരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലിനു മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.കട്ടച്ചിറ ഹൈസ്കൂളിലെ എല്‍പി വിഭാഗം അധ്യാപകരായ ഇവര്‍ അനീഷിന്റെ വാഹനത്തിലാണ് സ്കൂളില്‍ നിന്ന് മണിയാറിലേക്കു വരുന്നത്. തോട്ടില്‍ നിന്ന് വെള്ളം കുടിച്ച ശേഷം മുളംചില്ല കാട്ടിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ആന എത്തുമ്ബോഴാണ് ബൈക്ക് ആനയുടെ മുന്നില്‍പെട്ടത്. അപ്രതീക്ഷിതമായി മുന്നില്‍ കാട്ടാനയെ കണ്ടതോടെ വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇവര്‍ക്കു പിന്നാലെ ജീപ്പില്‍ എത്തിയ മറ്റ് അധ്യാപകരാണ് ഇരുവരെയും ആനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇന്ദ്രജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്ദ്രജിത്തിന്റെ ഇടതു കൈ ഒടിഞ്ഞു.
