യുഎസ് തീട്ടൂരം തള്ളി ; പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്‌

അബുദാബി

അമേരിക്കയുടെ കടുത്ത എതിര്‍പ്പിനിടെ റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്‍.

അമേരിക്കന്‍ സമ്മര്‍ദത്തിന് തിരിച്ചടിയായി എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ റഷ്യയും യുഎഇയും തീരുമാനിച്ചതായി എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം. എന്നാല്‍, ഉക്രയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ചകളാണ് പ്രധാനമായി നടക്കുകയെന്ന് യുഎഇ വിദേശമന്ത്രാലയം അറിയിച്ചു. യുഎഇയില്‍ റഷ്യന്‍ സ്കൂളുകള്‍ തുടങ്ങുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 2019ല്‍ പുടിന്‍ അബുദാബി സന്ദര്‍ശിച്ചപ്പോഴാണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് ചര്‍ച്ച നടത്തിയത്.

അമേരിക്കയും യുഎഇയുമായി ദീര്‍ഘകാലമായി സൗഹൃദത്തിലായിരുന്നെങ്കിലും അടുത്തിടെയായി ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈയില്‍ ജിദ്ദയിലെത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *