രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ച്‌ അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല

പത്തനംതിട്ട: ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകള്‍ വീണ്ടും പുറത്തുവരികയാണ്.

സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങള്‍ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല പോലീസിന് നല്‍കിയ മൊഴി. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് ഇത്തരത്തില്‍ വെട്ടിനുറുക്കിയതെന്നും ചോദ്യം ചെയ്യലിനിടെ ലൈല വ്യക്തമാക്കി.

ഇത്തരത്തില്‍ വെട്ടിനുറുക്കാന്‍ മന്ത്രവാദി ഷാഫിയുടെ പിന്തുണ ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇറച്ചിക്കടയില്‍ ജോലി ചെയ്തിരുന്നയാളാണ് ഷാഫി. ആലുവ, പെരുമ്ബാവൂര്‍ മേഖലകളിലെ വിവിധ അറവുശാലകളില്‍ ജീവനക്കാരനായിരുന്നു. ഇറച്ചിക്കഷ്ണം വെട്ടിനുറുക്കി പരിചയമുണ്ടെന്നും രക്തം കണ്ടാല്‍ അറപ്പുള്ള മനോഭാവമോ ഭയമോ വരാറില്ലെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി.

അതേസമയം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. 12 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുള്ളത്. മറ്റാരെയെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നോയെന്ന കാര്യവും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വേറെ പ്രതികളുണ്ടോയെന്ന കാര്യവും പോലീസിന് ഇനിയും പരിശോധിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *