കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്‌ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി.
കോടതികള്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്‌ജി ജസ്‌റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ രജിസ്ട്രാര്‍ മുഖേന തൃശൂര്‍ ജില്ല ജഡ്‌ജിക്ക് കത്തയച്ചു. ചടങ്ങിനെ ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ നേരിട്ടോ അല്ലാതെയോ നടത്തിപ്പില്‍ പങ്കാളികളാകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് ചാവക്കാട് മുന്‍സിഫ് കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടകസമിതിയാണ് ‘കോടതി വിളക്ക്’ നടത്തുന്നത്. നൂറുവര്‍ഷം മുമ്ബ് ചാവക്കാട് മുന്‍സിഫ് ജഡ്‌ജിയായിരുന്ന കേയി ആരംഭിച്ച കോടതി വിളക്ക് പിന്നീട് വന്ന മുന്‍സിഫുമാരും ജഡ്‌ജിമാരും അഭിഭാഷകരും തുടരുകയായിരുന്നു. എന്നാല്‍, ചടങ്ങിന് ‘കോടതി വിളക്ക്’ എന്ന് പ്രയോഗിക്കുമ്ബോള്‍ ഇതുമായി കോടതികള്‍ക്ക് ബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കും. അതിനാല്‍, ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യരുത്. അതേസമയം, ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ചാല്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
