പീരുമേട്: ശബരിമല തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്ഥാന വാഹനങ്ങളില്‍ ഗുരുതരമായ ചട്ടലംഘനം. ഭാരത സര്‍ക്കാരിന്റെ ബോര്‍ഡുകള്‍ പതിപ്പിച്ചതും ബീക്കണ്‍ ലൈറ്റുകള്‍ പിടിപ്പിച്ചതുമായ സ്വകാര്യ വാഹനങ്ങള്‍ ധാരാളമായി കുമളി വഴി എത്തുന്നു.
ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴചുമത്തി അനധികൃത ബോര്‍ഡും ലൈറ്റും അഴിപ്പിച്ചു. നമ്ബര്‍ പ്ലേറ്റ് പകുതി ഭാഗം കട്ടിയുള്ള ചന്ദനം ഉപയോഗിച്ച് മറച്ച് വരുന്ന വാഹനങ്ങളുമുണ്ട്.
ക്യാമറയില്‍ പതിയാതിരിക്കാന്‍ മുന്‍പിലും പുറകിലുമുള്ള നമ്ബര്പ്ലേറ്റുകളാണ് ഈ വിധം മറച്ചു വരുന്നത്. ഹെഡ്ലൈററ് ശരിയായി തെളിയിക്കാത്ത കെ.എസ്.ആര്.ടി.സി ബസ് ഇന്നലെ പിടികൂടി യാത്ര അവസാനിപ്പിച്ചിരുന്നു. സന്ധ്യാനേരത്ത് മഴയും മഞ്ഞും റോഡുവക്കിലെ കാടും മൂലം കാഴ്ച വ്യക്തമാകാത്ത സാഹചര്യത്തില്‍ ഹെഡ്ലൈറ്റില്ലാതെ കുമളിയില്‍നിന്ന് കോട്ടയത്തേക്കു പോയ ബസാണ് എം.വി.ഐ. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സേഫ്സോണ്‍ പദ്ധതിയില്‍ 15 ഉദ്യോഗസ്ഥരാണ് മണ്ഡല കാലാരംഭം മുതല്‍ താലൂക്കില്‍ സേവനം ചെയ്യുന്നത്. അവധിദിനങ്ങളില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്ന വിനോദസഞ്ചാരികള്‍ തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
