അമിത്‌ ഷായുടെ വിവാദ പരാമര്‍ശം: തെരഞ്ഞെടുപ്പ്‌ കമീഷന്‍ നടപടിയെടുക്കണം

ന്യൂഡല്ഹി: ഗുജറാത്ത് വംശഹത്യയെ പ്രശംസിച്ചുള്ള അമിത്ഷായുടെ വിവാദപ്രസംഗത്തില്‍ പ്രതിഷേധം ശക്തമായി. പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ‘2002-ല്‍ കുഴപ്പക്കാരെ പാഠം പഠിപ്പിച്ചു ’എന്നായിരുന്നു അമിത്ഷായുടെ വിവാദ പരാമര്‍ശം. ഇത് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും പെരുമാറ്റച്ചട്ട ലംഘനമാണെന്നും മുന്‍ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞു.

അമിത്ഷായുടേത് അങ്ങേയറ്റം ആക്ഷേപകരമായ പ്രസ്താവനയാണെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇ എ എസ് ശര്‍മ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെ മോചിപ്പിച്ചതുമായി കൂട്ടിച്ചേര്‍ത്ത് ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിത്ഷായുടെ പരാമര്‍ശം ഒരുവിഭാഗത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് നടപടി വേണമെന്നും സാമൂഹ്യപ്രവര്‍ത്തകന്‍ പ്രൊഫ. ജഗ്ദീപ് ചോക്കറും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കമീഷന് കത്തയച്ചു.

വംശഹത്യാ പ്രകീര്‍ത്തനം 
ആവര്‍ത്തിച്ച്‌ അമിത് ഷാ

ഗുജറാത്ത് വംശഹത്യയെ വീണ്ടും പ്രകീര്‍ത്തിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയൊരിക്കലും തലപൊക്കാത്തവിധം ഗുജറാത്തിലെ കുഴപ്പക്കാരെ 2002ല്‍ പാഠം പഠിപ്പിച്ചെന്ന് തെരഞ്ഞെടുപ്പു റാലിയില്‍ ഷാ പറഞ്ഞു. ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ വര്‍ഗീയ പ്രചാരണം തീവ്രമാക്കുകയാണ് ബിജെപി.

‘വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച്‌ ഗുജറാത്തിനെ തുടര്‍ച്ചയായി കര്‍ഫ്യൂവില്‍ നിര്‍ത്തിയത് കോണ്‍ഗ്രസാണ്. അവരുടെ മന്ത്രിമാരുടെ വീടുകളില്‍നിന്ന് ബോംബുകള്‍ കണ്ടെത്തിയിരുന്നു. 2001ല്‍ മോദി മുഖ്യമന്ത്രിയായശേഷം ജഗന്നാഥന്റെ രഥയാത്രയെ മോശം കണ്ണോടെ സമീപിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. 2002ല്‍ കോണ്‍ഗ്രസ് ഒരു ശ്രമം കൂടി നടത്തി. എന്നാല്‍, ഇനി തല പൊക്കാത്ത വിധം അടിച്ചിരുത്തി. പാകിസ്ഥാനോടും കോണ്‍ഗ്രസ് മൃദുസമീപനം കാട്ടി. മോദി അധികാരത്തില്‍ വന്നപ്പോള്‍ എന്താണ് മാറ്റമെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കിയില്ല. പുല്‍വാമയില്‍ അവര്‍ സൈനികരെ കൊന്നപ്പോള്‍ നമ്മുടെ സൈനികര്‍ പാകിസ്ഥാനില്‍ കടന്ന് തീവ്രവാദികളെ വകവരുത്തി’–- ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *