നാട്ടിലിറങ്ങി ജനങ്ങളെ വിറപ്പിക്കുന്ന പി ടി ഏഴിനെ (പാലക്കാട് തസ്കര്‍–7) പൂട്ടാന്‍ വയനാട് നിന്ന് സംഘമെത്തി.
ബുധന്‍ വൈകിട്ട് മുതല്‍ ആനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി.
ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ അടക്കം 22 അംഗ സംഘമാണ് ബുധന്‍ പുലര്‍ച്ചെ മൂന്നോടെ ധോണിയിലെത്തിയത്. കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാന ഉടനെത്തും. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടിവച്ച് പിടിക്കുക. അസിസ്റ്റന്റ് സര്‍ജന്മാരായ ഡോ.അജേഷ് മോഹനന്‍, ആര്‍ അനുരാജ് എന്നിവരും ഒപ്പമുണ്ട്. പാലക്കാട് ഡിവിഷനിലെ 15 അംഗ സംഘവും കൂടെച്ചേരും.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി രഞ്ജിത്തിനാണ് ദൗത്യത്തിന്റെ ചുമതല. ആനയെ ധോണിയില്‍ത്തന്നെ തളച്ച് മെരുക്കാനാണ് തീരുമാനം. ഇതിനായുള്ള കൂടിന്റെ നിര്‍മാണം വ്യാഴാഴ്ച തുടങ്ങും. ധോണി ഓടുവങ്ങാടിലെ യൂക്കാലിപ്സ് തോട്ടത്തില്‍നിന്ന് മരംവെട്ടിത്തുടങ്ങി.
നിര്‍മാണം ആരംഭിച്ച് ഒരാഴ്ചയ്ക്കകം കൂട് പൂര്‍ത്തിയാക്കും. ബേസ് ക്യാമ്ബില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് കൂടൊരുക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ആനയെ പിടികൂടണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് വനംവകുപ്പ് പ്രത്യേക സംഘത്തെ അയച്ചത്.
ആനയെ മയക്കുവെടിവച്ച് തളച്ച് ലോറിയില്‍ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം.
വളരെയധിക ദൂരം കാട്ടാനയെ വാഹനത്തില്‍ കൊണ്ടുപോകുന്നത് അപകടകരമായതിനാലാണ് ധോണിയില്‍ത്തന്നെ മെരുക്കാന്‍ തീരുമാനിച്ചതെന്ന് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദ് പറഞ്ഞു.
