നായയും പൂച്ചയും ചിലര്‍ക്ക് കുടുംബാംഗമായിരിക്കാം, എന്നാല്‍ മനുഷ്യരുടെ നിയമങ്ങള്‍ ബാധകമല്ല; ഹൈക്കോടതി

മുംബൈ: അലക്ഷ്യമായി വാഹനമോടിച്ച്‌ മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകള്‍ മൃഗങ്ങള്‍ ഇരയായ കേസുകള്‍ക്ക് ബാധകം അല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

അലക്ഷ്യമായി വാഹനം ഓടിച്ച്‌ തെരുവ് നായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ സ്വിഗ്ഗി ഭക്ഷണ വിതരണക്കാരന് എതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നായ,പൂച്ച തുടങ്ങിയവയെ അവരുടെ ഉടമസ്ഥര്‍ കുട്ടിയായോ കുടുംബാംഗമായോ കാണുമെങ്കിലും ജീവശാസ്ത്ര പ്രകാരം അവ മനുഷ്യരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ,പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് (അലക്ഷ്യമായി വാഹനം ഓടിക്കല്‍) 337 ആം വകുപ്പ് ( ജീവന്‍ അപായപ്പെടുത്തല്‍) എന്നിവ മനുഷ്യര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്കാണ് ബാധകമാകുന്നത്. അതിനാല്‍ ഈ വകുപ്പുകള്‍ മനുഷ്യര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് മാത്രമാണ് ബാധകമാകുക. വളര്‍ത്തു മൃഗങ്ങള്‍ക്കും, മറ്റ് മൃഗങ്ങള്‍ക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279, 337 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *