ബത്തേരി ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കിയാനകളായ സുരേന്ദ്രനും സൂര്യയും എത്തി

വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഇറങ്ങിയ പിഎം 2 കാട്ടാനയെ തുരത്താന്‍ ബത്തേരിയില്‍ കുങ്കിയാനകളെ എത്തിച്ചു.

മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രന്‍, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയില്‍ എത്തിച്ചത്. കാട്ടാന ജനവാസ മേഖലയിലെത്തിയാല്‍ തുരത്താന്‍ വേണ്ടിയാണ് കുങ്കിയാനകളെ കൊണ്ടുവന്നത്.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങിയതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി. പുലര്‍ച്ചെ 2 മണിയോടെയാണ് ആനയിറങ്ങിയത്.

റേഡിയോ കോളര്‍ (കര്‍ണാടക അല്ലെങ്കില്‍ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണില്‍ മെയിന്‍ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാര്‍ക്കിങ് ഗ്രൗണ്ടിലുമെത്തിയിരുന്നു. കല്ലൂര്‍ ടൗണിലും ഇന്നലെ കാട്ടാനയെത്തിയിരുന്നു. ബത്തേരിയില്‍ ഇറങ്ങിയത് ഡിസംബര്‍ മാസം തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാനയാണ്.

ഗൂഡല്ലൂരില്‍ രണ്ടാളുകളെ കൊന്ന കാട്ടാന 50 ലധികം വീടുകളും തകര്‍ത്തിരുന്നു. പാലക്കാട് പിടി 7 നെ പിടികൂടാന്‍ പോയ ദൗത്യ സംഘത്തിലെ 12 പേരെ വയനാട്ടിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബത്തേരിയില്‍ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *