‘തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും’; ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍

തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കി. ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

“ഷവര്‍മ അടക്കമുള്ള ഉത്പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവും”. മന്ത്രി പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 165 ഭക്ഷണ സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്. ഇന്നലെ ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് മലപ്പുറം ജില്ലയിലാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ച കാസര്‍ഗോഡ് 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *