ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്.

കടന്നു വന്ന സംസ്ഥാനങ്ങളില്‍ മികച്ച ചലനം ഉണ്ടാക്കാനായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേദിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കന്യാകുമാരില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 117 ദിവസം പിന്നിട്ടു. പഞ്ചാബില്‍ പര്യടനം തുടരുന്ന യാത്ര അടുത്തയാഴ്ച ജമ്മു കാശ്മീര്‍ പ്രവേശിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഭരണം നഷ്ടമായെങ്കിലും യാത്രയ്ക്ക് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. യാത്ര പിന്നിട്ട സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ളത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ ചലിപ്പിക്കാനും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാനും ജോഡോ യാത്രയ്ക്കായി.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് പ്രഖ്യാപിച്ച്‌ ആരംഭിച്ച യാത്ര അവസാന ഘട്ടത്തിലേക്ക് എത്തുമ്ബോള്‍ അടിമുടി രാഷ്ട്രീയ യാത്രയായി മാറി. ഓരോ പ്രസംഗങ്ങളിലും ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ രാഹുല്‍ ഗാന്ധിയുടെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ അതിന് തെളിവാണ്.

ജനുവരി 30ന് യാത്ര ശ്രീനഗറില്‍ സമാപിക്കും. ഇതിനോടകം പല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യാത്രയുടെ ഭാഗമായി. 24 പ്രതിപക്ഷ പാര്‍ട്ടി അധ്യക്ഷന്മാരെയാണ് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *