ന്യൂഡല്‍ഹി: സ്നേഹസന്പന്നയും ബുദ്ധിശാലിയുമായ യുവതിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എന്നാല്‍ ചെക്ക്ലിസ്റ്റ് ഇല്ലെന്നും കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യോജിക്കുന്നയാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ എന്റെ അളവുകോല്‍ വളരെ ഉയര്‍ന്നതാണ്. പ്രേമിച്ചു കെട്ടിയ എന്റെ മാതാപിതാക്കളുടെ വിവാഹം വളരെ മനോഹരമായിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബര്‍ കാമിയ ജാനിയുമായുള്ള സംസാരത്തിനിടെ 52-കാരനായ രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും യോഗ്യരായ ബാച്ചിലര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന രാഹുല്‍ മുന്‍പു പലതവണ വിവാഹത്തക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.അമ്മ സോണിയയുടെയും മുത്തശി ഇന്ദിരയുടെയും ഗുണങ്ങള്‍ ജീവിതപങ്കാളിക്ക് ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍പൊരിക്കല്‍ രാഹുല്‍ പറഞ്ഞിരുന്നു.
