ഷാര്‍ജ: ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 24കാരനായ പാകിസ്താന്‍ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി അല്‍ മംസാര്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണ് സംഭവം.
ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയിലെ തീരസുരക്ഷ പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ സംഘം നടത്തിയ തിരച്ചിലിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നിയുക്ത പ്രദേശങ്ങളില്‍ മാത്രം നീന്തല്‍ പരിശീലിക്കണമെന്ന് ഷാര്‍ജ പൊലീസും ഷാര്‍ജ സിവില്‍ ഡിഫന്‍സും നിര്‍ദേശം നല്‍കി. കടലാക്രമണമുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക, നിരോധിത സമയങ്ങളില്‍ രാത്രി നീന്തല്‍ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുക എന്നിവ അവര്‍ നിര്‍ദേശിച്ചു.
